Saturday, March 25, 2023

മരണം

ഒരിക്കൽ കൂടി, ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച അയാളെ കാണണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി.

അയാളോടൊപ്പം കപ്പലണ്ടി കൊറിച്ചുകൊണ്ട് കടൽത്തിരകളെണ്ണണമെന്ന് തോന്നി.

അയാളുടെ കാൽമുട്ടുകളിൽ നെറ്റിയമർത്തി,
മരിക്കാൻ പോവുന്ന സൂര്യനെപ്പറ്റി വാചാലയാവണമെന്ന് കൊതിവന്നു.

 

ചിന്തകൾ അപ്പോൾ, മരുഭൂമിയിൽ പറക്കുന്ന വവ്വാലുകളെപ്പോലെ പ്രതിധ്വനി ലഭിക്കാതെ വഴിതെറ്റിപ്പറക്കുന്നുണ്ടാവും.

ചതികൊണ്ട് മാറ്റിവരച്ച വരകൾ മായ്ച്ചുകളയാൻ
അയാളുടെ നനുത്ത ചുംബനത്തിനും കഴിയാതെപോവും.

സ്നേഹത്തെപ്പറ്റി ഞാൻ സംസാരിക്കുന്നത് കേൾക്കാൻ അയാൾ അർഹനല്ലെന്ന് പിന്നെയും അയാളെ ഓർമ്മിപ്പിക്കും.

 

ഇടയിൽപെട്ട പ്രേമം ദുർമരണപ്പെട്ട തുമ്പിയുടെ ചിറകുപോലെ കടൽക്കാറ്റിലലയും,

ആഴിയിൽ മുങ്ങിമരിക്കും!


Wtplive - 23rd December 2021

തണുത്ത വൈകുന്നേരത്ത്

വളരെയേറെ സ്നേഹത്തോടെ അയാളൊരിക്കൽ മാത്രമേ എന്നെ തൊട്ടിട്ടുള്ളു.
തീവ്രമായ ഒറ്റപ്പെടലനുഭവിക്കുന്നതിനാൽ അയാളെ കാണാനായി ഞാൻ പോയ വൈകുന്നേരം.

അയാളന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു.
കട്ടിലിന്റെ തലക്കലുള്ള സ്റ്റൂളിൽ പാതി കുടിച്ചുവച്ച കട്ടനും ചാരം നിറഞ്ഞ് നിറം മങ്ങിയൊരാഷ്ട്രേയുമുണ്ടായിരുന്നു.

ഒരരാജകമുറി.
മുഷിഞ്ഞ, കൈമടക്കുകൾ നിവർത്താത്ത അയാൾരൂപമുള്ള ഷർട്ടുകൾ.
പൊടി, കെട്ടിപ്പിടിച്ച ചിതറിയ പുസ്തകങ്ങൾ.
ചുവരിലെ മങ്ങിപ്പോയ കണ്ണാടിജഡത്തിൽ മുഖം നോക്കിയെന്ന് വരുത്തുമായിരിക്കും അയാൾ.
അലസമായി കിടക്കുന്ന പുതപ്പിനുള്ളിൽ അയാളുടെ ഒരു കാൽ മറഞ്ഞിരുന്നു.
രണ്ടാമത്തെ രോമക്കാലിൽ പണ്ടെന്നോ കല്ലിൽ തട്ടി മുറിഞ്ഞതിന്റെ ഒരു പാട് ഇരുണ്ടു കിടന്നിരുന്നു.

ഞാനൊന്ന് തൊട്ടതും അയാളാകെയുറഞ്ഞുപോയി.
ഞാൻ ഉരുകുകയായിരുന്നോ?
ആദ്യമായെന്നെ മുറുകെ പുണർന്നതും വിതുമ്പിക്കരഞ്ഞതും
കരഞ്ഞുകൊണ്ട് ചിരിച്ചതും
കാറ്റുപോലും തോറ്റുപോം വിധം എന്നിലയാളെ വാസനിപ്പിച്ചതും മറ്റൊരിക്കലായിരുന്നില്ല.
ഒടുവിലയാളിൽ ഞാൻ സ്നേഹമറിഞ്ഞു.
ഒടുക്കത്തെയെന്നയാൾ പുഞ്ചിരിച്ചപ്പോൾ
ഒടുക്കത്തെ എന്ന് ഞാനും!
ചിരിച്ചു! മറന്നു! മരിച്ചു! 

ആത്മ ഓൺലൈൻ  - 18th February 2022

രണ്ടാമതും കൊല്ലപ്പെട്ടത്

പ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം,
പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും,
പരസ്പരം നോക്കാതെ.
ഒരു ഫോണടി.

ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു.
ഉറക്കെ ചിരിച്ചു.
ജനലിലൂടെ നോക്കി.
ഇടക്കെന്റെ കണ്ണിലേക്കൊന്നു പാളി.
എന്റെയുള്ളൊന്നാളി.
ഒരു നിമിഷം എനിക്ക് പതിമൂന്നും അയാൾക്ക് പതിമൂന്നരയുമാണ് വയസ്സെന്ന് തോന്നി.
അയാളുടെ കണ്ണുകൾ ചിരിച്ചു.
മിന്നി.
ചിമ്മി.

കഴിഞ്ഞ ജന്മത്തിൽ അയാൾ ഒരു കുതിരയും ഞാനയാളെ പ്രേമിച്ചു പരിപാലിച്ചിരുന്ന രാജകുമാരിയുമായിരുന്നു.
ഞങ്ങൾ കാട്ടിൽ കളിക്കാൻ പോയിരുന്നു.
ശത്രുരാജ്യം ഞങ്ങളെ ആക്രമിക്കുകയും
എന്നെ കൊല്ലുകയും
കുതിരയെ (അയാളെ) അഴിച്ചു വിടുകയും ചെയ്തു.
പിന്നെന്ത് സംഭവിച്ചെന്നറിയില്ല.
ഇന്നിതാ എന്റെ കുതിര!
കുതിര!
അയാൾ!
ട്രെയിൻ നിൽക്കുകയും കുതിര ഇറങ്ങിപ്പോവുകയും
രാജകുമാരി മോഹഭംഗത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

ആത്മ ഓൺലൈൻ - 31st December 2021

അവൾ മരിച്ചവനോട് പറയുന്നത്


നിന്നോടുള്ള പ്രണയം
പഴുക്കുന്ന ചില രാത്രികളുണ്ട്.

കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ
കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും ഞാൻ ഞെട്ടാത്തപ്പോൾ
നീ എന്റെ ചെവിയിൽ പതിയെ ഊതും.

നിനക്കറിയുന്നതിലുമേറെ
ഞാൻ നിന്നെ പ്രണയിക്കുന്നു
എന്ന്
നീ വിയർത്തു കുതിർന്ന
വലത്തേ ഉള്ളംകൈ
എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ അമർത്തും.

പറഞ്ഞു പറഞ്ഞു പതിഞ്ഞു പോയ പിണക്കങ്ങൾ
മുഖക്കുരുക്കളായി ജനിക്കും.
എന്റെ മുഖക്കുരുക്കൾ മുഴുവൻ ഈ രാത്രി കുത്തിപ്പൊട്ടിക്കണേയെന്നു ഞാൻ
പാട്ടു പാടും.

കൊതുകിനെ കാമുകനോടുപമിക്കാൻ പ്രേരിപ്പിക്കുവോളം കാല്പനികമായ രാത്രിയെ ഇങ്ങനെ നശിപ്പിക്കാതിരിക്കുക.
നീ തിരിച്ചുവരാതുറങ്ങുക മരിച്ചവനേ.
നിന്റെ പ്രണയം മരീചികയോളം മനോഹരമാണത്രെ.

ആത്മ ഓൺലൈൻ - 1st March 2019

ഉടലാഴങ്ങളിൽ കോറിവരഞ്ഞവ

ബാല്യത്തിൽ അവളെ ഗാഢമായി പുണർന്ന്,
സ്വകാര്യതകളിൽ അവളുടെയുടലാഴങ്ങൾ തിരഞ്ഞ്,
ഒടുവിലൊരു മിഠായിമധുരത്തിൽ കുഞ്ഞുകരച്ചിലമർത്തിക്കളഞ്ഞയാൾ,


വർഷങ്ങൾക്കിപ്പുറം ഒരു പീടികത്തിണ്ണയിലിരുന്ന്,
ചായയൂതിക്കുടിക്കുന്നത് കാണുമ്പോൾ

അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി,
കണ്ണുകളിൽ ഭയത്തിന്റെ ഉറവപൊട്ടി,
തൊണ്ട വരണ്ടുണങ്ങിയ മരുഭൂമിയാകും.


അയാളവളെ കണ്ടുവെങ്കിൽ,
അടിമുടിയവളെ കണ്ണുകൊണ്ടളന്നുരുക്കിക്കളയും.

അവളുടെ വസ്ത്രങ്ങളിൽ പുച്ഛമൊഴിച്ച്,
തനിക്കറിയാത്തതൊന്നുമവിടില്ലെന്ന് പറയാതെ പറയും


ചുവന്നിരുണ്ട കുഴിഞ്ഞ കണ്ണുകൾ ഉടലാഴങ്ങളിലെ
മുറിവുകളിൽ അദൃശ്യമായ കത്തിക്കൊണ്ട് പിന്നെയും
കോറിവരഞ്ഞിടും.

വ്രണങ്ങൾ പഴുത്ത് ചലമൊഴുകി ദുർഗന്ധം വമിക്കും.
പുഴുത്ത ചലത്തോടൊപ്പം മുറിവുകളിലെ അണുക്കൾ ഒഴുകിപ്പോകും.
ഭയം വെറുപ്പായി, വെറുപ്പറപ്പായി, ഉടലാഴങ്ങളിൽ കോറിവരഞ്ഞവ
മായാൻ തുടങ്ങും.
പതിയെ... വളരെ പതിയെ!

( കോളേജ് വിദ്യാർഥികൾക്കായി മാതൃഭൂമി സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സാഹിത്യകാമ്പിൽ തിരഞ്ഞെടുത്ത കവിത. പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ ബി.എസ്.സി സൈക്കോളജി വിദ്യാർഥിനിയാണ് ഗായത്രി സുരേഷ് ബാബു. )

മാതൃഭൂമി ഓൺലൈനിൽ വന്നത്  - 28 December 2017

Thursday, March 16, 2023

എനിക്കുവേണ്ടി എഴുതപ്പെടുന്നത്.

എന്റെ മരണം അർബുദത്തിന് കീഴ്പ്പെട്ടുകൊണ്ടായിരിക്കും എന്നെനിക്കെപ്പോളും തോന്നാറുണ്ട്. പത്തുവർഷം കഴിഞ്ഞുള്ള ഞാൻ എന്റെ മരണക്കുറിപ്പെഴുതുമ്പോൾ അതിൽ എഴുതിയേക്കാവുന്ന വാചകങ്ങൾ എന്തൊക്കെയാവും എന്ന് ഞാൻ സങ്കൽപിക്കാൻ ശ്രമിക്കാറുണ്ട്.

കിളികളെപ്പോലെ സംസാരിക്കുന്ന പെൺകുട്ടികളുടെ പ്രിയപ്പെട്ട ആളായി മാറുക എന്നതായിരുന്നു ഞാനെന്നോ സ്വപ്നം കണ്ട കാര്യം. ഒരുപാട് കഷ്ടപ്പാടൊന്നുമില്ലാതെ തന്നെ, എന്റെ ഏറ്റവും പ്രിയപ്പെട്ട, ഒരു കൂട്ടം കിളിക്കുഞ്ഞുങ്ങൾ എനിക്കുണ്ടായി.
ഒറ്റക്ക് താമസിക്കുന്ന കാലങ്ങളിൽ, രാവിലെ കേൾക്കുന്ന കിളിക്കലപിലകളാൽ മുറിയപ്പെടുന്ന നിശ്ശബ്ദത പോലെ മനോഹരമായി മറ്റെന്താണ് ഞാൻ ഈയിടെയായി കാണുന്നത്?
വേരിൽ തീയിടപ്പെട്ടിട്ടും തല കായ്ക്കുന്ന വൃക്ഷമെന്ന് ഞാനെന്റെ അച്ഛനെ വിശേഷിപ്പിക്കട്ടെ.
വിശ്വാസത്തിന്റെയും ശാസ്ത്രീയതയുടെയും ഇടക്കുള്ള നേരിയ നൂൽപാലത്തിൽ നിൽക്കുന്ന സ്ത്രീയെന്ന നിലക്ക്, കണ്ടതിനെയും കാണാത്തതിനെയും വിശ്വസിക്കാൻ കഴിയുന്നവളെന്ന് ഞാനെന്നെ വിശേഷിപ്പിക്കും.

മരണം

ഒരിക്കൽ കൂടി, ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച അയാളെ കാണണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി. അയാളോടൊപ്പം കപ്പലണ്ടി കൊറിച്ചുകൊണ്ട് കടൽത്തിരകളെണ്...