Saturday, March 25, 2023

മരണം

ഒരിക്കൽ കൂടി, ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച അയാളെ കാണണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി.

അയാളോടൊപ്പം കപ്പലണ്ടി കൊറിച്ചുകൊണ്ട് കടൽത്തിരകളെണ്ണണമെന്ന് തോന്നി.

അയാളുടെ കാൽമുട്ടുകളിൽ നെറ്റിയമർത്തി,
മരിക്കാൻ പോവുന്ന സൂര്യനെപ്പറ്റി വാചാലയാവണമെന്ന് കൊതിവന്നു.

 

ചിന്തകൾ അപ്പോൾ, മരുഭൂമിയിൽ പറക്കുന്ന വവ്വാലുകളെപ്പോലെ പ്രതിധ്വനി ലഭിക്കാതെ വഴിതെറ്റിപ്പറക്കുന്നുണ്ടാവും.

ചതികൊണ്ട് മാറ്റിവരച്ച വരകൾ മായ്ച്ചുകളയാൻ
അയാളുടെ നനുത്ത ചുംബനത്തിനും കഴിയാതെപോവും.

സ്നേഹത്തെപ്പറ്റി ഞാൻ സംസാരിക്കുന്നത് കേൾക്കാൻ അയാൾ അർഹനല്ലെന്ന് പിന്നെയും അയാളെ ഓർമ്മിപ്പിക്കും.

 

ഇടയിൽപെട്ട പ്രേമം ദുർമരണപ്പെട്ട തുമ്പിയുടെ ചിറകുപോലെ കടൽക്കാറ്റിലലയും,

ആഴിയിൽ മുങ്ങിമരിക്കും!


Wtplive - 23rd December 2021

No comments:

Post a Comment

മരണം

ഒരിക്കൽ കൂടി, ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച അയാളെ കാണണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി. അയാളോടൊപ്പം കപ്പലണ്ടി കൊറിച്ചുകൊണ്ട് കടൽത്തിരകളെണ്...