തീവ്രമായ ഒറ്റപ്പെടലനുഭവിക്കുന്നതിനാൽ അയാളെ കാണാനായി ഞാൻ പോയ വൈകുന്നേരം.
അയാളന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു.
കട്ടിലിന്റെ തലക്കലുള്ള സ്റ്റൂളിൽ പാതി കുടിച്ചുവച്ച കട്ടനും ചാരം നിറഞ്ഞ് നിറം മങ്ങിയൊരാഷ്ട്രേയുമുണ്ടായിരുന്നു.
ഒരരാജകമുറി.
മുഷിഞ്ഞ, കൈമടക്കുകൾ നിവർത്താത്ത അയാൾരൂപമുള്ള ഷർട്ടുകൾ.
പൊടി, കെട്ടിപ്പിടിച്ച ചിതറിയ പുസ്തകങ്ങൾ.
ചുവരിലെ മങ്ങിപ്പോയ കണ്ണാടിജഡത്തിൽ മുഖം നോക്കിയെന്ന് വരുത്തുമായിരിക്കും അയാൾ.
അലസമായി കിടക്കുന്ന പുതപ്പിനുള്ളിൽ അയാളുടെ ഒരു കാൽ മറഞ്ഞിരുന്നു.
രണ്ടാമത്തെ രോമക്കാലിൽ പണ്ടെന്നോ കല്ലിൽ തട്ടി മുറിഞ്ഞതിന്റെ ഒരു പാട് ഇരുണ്ടു കിടന്നിരുന്നു.
ഞാനൊന്ന് തൊട്ടതും അയാളാകെയുറഞ്ഞുപോയി.
ഞാൻ ഉരുകുകയായിരുന്നോ?
ആദ്യമായെന്നെ മുറുകെ പുണർന്നതും വിതുമ്പിക്കരഞ്ഞതും
കരഞ്ഞുകൊണ്ട് ചിരിച്ചതും
കാറ്റുപോലും തോറ്റുപോം വിധം എന്നിലയാളെ വാസനിപ്പിച്ചതും മറ്റൊരിക്കലായിരുന്നില്ല.
ഒടുവിലയാളിൽ ഞാൻ സ്നേഹമറിഞ്ഞു.
ഒടുക്കത്തെയെന്നയാൾ പുഞ്ചിരിച്ചപ്പോൾ
ഒടുക്കത്തെ എന്ന് ഞാനും!
ചിരിച്ചു! മറന്നു! മരിച്ചു!
No comments:
Post a Comment