Saturday, March 25, 2023

രണ്ടാമതും കൊല്ലപ്പെട്ടത്

പ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം,
പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും,
പരസ്പരം നോക്കാതെ.
ഒരു ഫോണടി.

ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു.
ഉറക്കെ ചിരിച്ചു.
ജനലിലൂടെ നോക്കി.
ഇടക്കെന്റെ കണ്ണിലേക്കൊന്നു പാളി.
എന്റെയുള്ളൊന്നാളി.
ഒരു നിമിഷം എനിക്ക് പതിമൂന്നും അയാൾക്ക് പതിമൂന്നരയുമാണ് വയസ്സെന്ന് തോന്നി.
അയാളുടെ കണ്ണുകൾ ചിരിച്ചു.
മിന്നി.
ചിമ്മി.

കഴിഞ്ഞ ജന്മത്തിൽ അയാൾ ഒരു കുതിരയും ഞാനയാളെ പ്രേമിച്ചു പരിപാലിച്ചിരുന്ന രാജകുമാരിയുമായിരുന്നു.
ഞങ്ങൾ കാട്ടിൽ കളിക്കാൻ പോയിരുന്നു.
ശത്രുരാജ്യം ഞങ്ങളെ ആക്രമിക്കുകയും
എന്നെ കൊല്ലുകയും
കുതിരയെ (അയാളെ) അഴിച്ചു വിടുകയും ചെയ്തു.
പിന്നെന്ത് സംഭവിച്ചെന്നറിയില്ല.
ഇന്നിതാ എന്റെ കുതിര!
കുതിര!
അയാൾ!
ട്രെയിൻ നിൽക്കുകയും കുതിര ഇറങ്ങിപ്പോവുകയും
രാജകുമാരി മോഹഭംഗത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

ആത്മ ഓൺലൈൻ - 31st December 2021

No comments:

Post a Comment

മരണം

ഒരിക്കൽ കൂടി, ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച അയാളെ കാണണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി. അയാളോടൊപ്പം കപ്പലണ്ടി കൊറിച്ചുകൊണ്ട് കടൽത്തിരകളെണ്...