Saturday, March 25, 2023

ഉടലാഴങ്ങളിൽ കോറിവരഞ്ഞവ

ബാല്യത്തിൽ അവളെ ഗാഢമായി പുണർന്ന്,
സ്വകാര്യതകളിൽ അവളുടെയുടലാഴങ്ങൾ തിരഞ്ഞ്,
ഒടുവിലൊരു മിഠായിമധുരത്തിൽ കുഞ്ഞുകരച്ചിലമർത്തിക്കളഞ്ഞയാൾ,


വർഷങ്ങൾക്കിപ്പുറം ഒരു പീടികത്തിണ്ണയിലിരുന്ന്,
ചായയൂതിക്കുടിക്കുന്നത് കാണുമ്പോൾ

അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി,
കണ്ണുകളിൽ ഭയത്തിന്റെ ഉറവപൊട്ടി,
തൊണ്ട വരണ്ടുണങ്ങിയ മരുഭൂമിയാകും.


അയാളവളെ കണ്ടുവെങ്കിൽ,
അടിമുടിയവളെ കണ്ണുകൊണ്ടളന്നുരുക്കിക്കളയും.

അവളുടെ വസ്ത്രങ്ങളിൽ പുച്ഛമൊഴിച്ച്,
തനിക്കറിയാത്തതൊന്നുമവിടില്ലെന്ന് പറയാതെ പറയും


ചുവന്നിരുണ്ട കുഴിഞ്ഞ കണ്ണുകൾ ഉടലാഴങ്ങളിലെ
മുറിവുകളിൽ അദൃശ്യമായ കത്തിക്കൊണ്ട് പിന്നെയും
കോറിവരഞ്ഞിടും.

വ്രണങ്ങൾ പഴുത്ത് ചലമൊഴുകി ദുർഗന്ധം വമിക്കും.
പുഴുത്ത ചലത്തോടൊപ്പം മുറിവുകളിലെ അണുക്കൾ ഒഴുകിപ്പോകും.
ഭയം വെറുപ്പായി, വെറുപ്പറപ്പായി, ഉടലാഴങ്ങളിൽ കോറിവരഞ്ഞവ
മായാൻ തുടങ്ങും.
പതിയെ... വളരെ പതിയെ!

( കോളേജ് വിദ്യാർഥികൾക്കായി മാതൃഭൂമി സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സാഹിത്യകാമ്പിൽ തിരഞ്ഞെടുത്ത കവിത. പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ ബി.എസ്.സി സൈക്കോളജി വിദ്യാർഥിനിയാണ് ഗായത്രി സുരേഷ് ബാബു. )

മാതൃഭൂമി ഓൺലൈനിൽ വന്നത്  - 28 December 2017

No comments:

Post a Comment

മരണം

ഒരിക്കൽ കൂടി, ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച അയാളെ കാണണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി. അയാളോടൊപ്പം കപ്പലണ്ടി കൊറിച്ചുകൊണ്ട് കടൽത്തിരകളെണ്...